കൊൽക്കത്ത: വിമർശനങ്ങളിൽ തേച്ചുമിനുക്കിയെടുത്ത സഞ്ജു സാംസൺ എന്ന കനൽ ഒരു തരി ആളിക്കത്തിയ മത്സരത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായക വിജയം. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന് 50 പന്തിൽ 97 റണ്ണടിച്ച സഞ്ജുവിന്റെ ഇന്നിംങ്‌സിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിന്റെ സെമിയിലേയ്ക്ക് രാജകീയ യാത്ര.
ലോകകപ്പിൽ ഇന്ത്യ പിൻതുടരുന്ന ഏറ്റവും ഉയർന്ന സ്‌കോറായി വെസ്റ്റ് ഇൻഡീസിന് എതിരായ 199. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നാലു വിക്കറ്റ് നഷ്ടമാക്കി ഉയർത്തിയ 195 റൺ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടമാക്കി നാലു പന്ത് ബാക്കി നിൽക്കെ മറികടന്നു.
നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. മത്സരത്തിന്റെ സമ്മർദം ഏറ്റെടുത്ത വെസ്റ്റ് ഇൻഡീസ് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 8.5ഓവറിൽ 68 എന്ന നിലയിൽ എത്തിച്ച ശേഷമാണ് ഇന്ത്യൻ ബൗളർമാർക്ക് ആ കൂട്ടുകെട്ട് പൊളിക്കാനായത്. ട്വന്റി 20യുടെ സ്‌ട്രൈക്ക് റേറ്റില്ലാത്ത ബാറ്റിംങായിരുന്നുവെങ്കിലും പിന്നാലെ എത്തുന്നവർക്ക് അടിച്ചു തകർക്കാനുള്ള അടിച്ചറയിട്ടശേഷമാണ് ഷായ് ഹോപ്പ് (32), റേസ്റ്റൺ ചേസ് (40) സഖ്യം പിരിഞ്ഞത്.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹോപ്പ് 33 പന്തിലാണ് 32 റൺ നേടിയത്. വരുൺ ചക്രവർത്തിയുടെ പന്തിൽ ആദ്യം ഹോപ്പ് ആണ് പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ഹിറ്റ്‌മേയർ ആണ് കളിയുടെ ആക്‌സിലറേഷൻ കൂട്ടിയത്. 12 പന്തിൽ 27 റൺ അടിച്ച് കളി തിരിച്ച ഹിറ്റ്‌മേറിനെ സാക്ഷാൽ ബുറയാണ് വീഴ്ത്തിയത്.
വിക്കറ്റിനു പിന്നിൽ സഞ്ജുവിനായിരുന്നു ക്യാച്ച്. 102 ൽ ഹിറ്റ്‌മേറും, 103 ൽ റോസ്റ്റൺ ചേസും വീണെങ്കിലും റൂതൽ ഫോർഡ് (9 പന്തിൽ 14) വെടിക്കെട്ട് കെടാതെ കാത്തു. റൂതർ ഫോർഡിൽ നിന്നും തീപ്പൊരി കൈമാറി കിട്ടിയ റോമൻ പവലും പുറത്താകാതെ 19 പന്തിൽ 34), ജേസൺ ഹോൾഡറും (പുറത്താകാതെ 22 പന്തിൽ 37) ചേർന്ന് വിൻഡീസിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചു.
നാല് ഓവറിൽ 36 റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇന്ത്യൻ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നത്. വരുൺ ചക്രവർത്തിയും, പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ ഞെട്ടലാണ് കിട്ടിയത്. സ്‌കോർ 29 ൽ നിൽക്കെ അഭിഷേകും (10), 41 ൽ കിഷനും വീണു (10).
പിന്നാലെ, സൂര്യയെ (18) കൂട്ടു പിടിച്ച് സ്‌കോർ ഉയർത്തുന്ന സഞ്ജുവിനെയാണ് കണ്ടത്. പതിവിലേറെ പക്വത കാട്ടിയായിരുന്നു സഞ്ജുവിന്റെ ബാറ്റിംങ്. 26 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു മികച്ച ടച്ചിലൂടെയാണ് മുന്നേറിയത്. നൂറ് തികയും മുൻപ് സൂര്യ വീണെങ്കിലും സഞ്ജുവുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യൻ ആരാധകർ.
ആരാധകരുടെ ആവേശം ഇരട്ടിയാക്കി ക്രീസിൽ എത്തിയ തിലക് വർമ്മ 15 പന്തിൽ 27 റണ്ണുമായി സ്‌കോറിങ് കൂടുതൽ ഈസിയാക്കി. 141 ൽ തിലക് പുറത്തായ ശേഷം എത്തിയ പാണ്ഡ്യ എട്ടു പന്തിൽ 11 റണ്ണുമായി സഞ്ജുവിന് പൂർണ പിൻതുണ നൽകി. എന്നാൽ, വിജയത്തിലേയ്ക്കു മുന്നേറാനുള്ള ശ്രമത്തിനിടെ സ്‌കോർ 179 ൽ നിൽക്കെ ഹോൾഡറിന് ക്യാച്ച് നൽകി പാണ്ഡ്യ മടങ്ങി. അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സ് അടിച്ചു പറപ്പിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലേയ്ക്കു പറത്തി.



